തൃക്കവിയൂര്‍ മഹാദേവക്ഷേത്രം
കേരളത്തിലെ ഏറ്റവും പുരാതനമായ മഹാക്ഷേത്രങ്ങളിലൊന്നാണ് തൃക്കവിയൂര്‍ മഹാദേവക്ഷേത്രം.പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരത്തില്‍ നിന്നും ആറുകിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം പ്രതിഷ്ഠാമാഹാത്മ്യം കൊണ്ടും ചരിത്രപ്രാധാന്യം കൊണ്ടും ശില്പഭംഗികൊണ്ടും പുരാതനകാലം മുതലേ അതീവപ്രസിദ്ധമാണ്.
പാര്‍വതീസമേതനായി സുപ്രസന്നനായിരിക്കുന്ന മഹാദേവനാണ് തൃക്കവിയൂരിലെ മുഖ്യപ്രതിഷ്ഠ. ഐതിഹ്യപ്രകാരം സീതാസമേതനായ ശ്രീരാമചന്ദ്രനാണ് കവിയൂരില്‍ ശിവപ്രതിഷ്ഠനടത്തിയത്. തെക്കേ നടയില്‍ ദക്ഷിണാമൂര്‍ത്തിയും ഗണപതിയും പടിഞ്ഞാറേ നടയില്‍ ശ്രീമൂലരാജേശ്വരിയും കുടികൊള്ളുന്നു.
നാലമ്പലത്തിന്റെ വടക്കുകിഴക്കേ കോണില്‍ വളരെ ലളിതമായ ചതുരശ്രീകോവിലില്‍ രാമഭക്തനായ ആഞ്ജനേയസ്വാമി കുടികൊള്ളുന്നു. ഭാരതത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ആഞ്ജനേയക്ഷേത്രങ്ങളിലൊന്നാണ് ഇത്. മതില്ക്കകത്ത് വടക്കു കിഴക്കുഭാഗത്തായി ഹനുമാന്‍ സ്വാമിയുടെ കൊണ്ടു പവിത്രമായ ഇലഞ്ഞിമരം നിലകൊണ്ടിരുന്ന തറയിലായി നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പരിവാരസമേതമുള്ള സാന്നിദ്ധ്യമുണ്ട്.
മതില്‍ക്കെട്ടിനു വെളിയില്‍ വടക്കു പടിഞ്ഞാറുവശത്ത് താഴ്ചയില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണു കുടികൊള്ളുന്ന കീഴ്തൃക്കോവില്‍ കാണാം. കിഴക്കുവശത്ത് പതിനെട്ടാംപടിയുടെ വെളിയില്‍ ക്ഷേത്രമൈതാനത്തില്‍ നിന്നു വടക്കോട്ടുനീളുന്ന വഴിയില്‍ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന മഹായക്ഷിയും തൃക്കവിയൂരിലെ ഉപദേവതകളുടെ കൂട്ടത്തില്‍ പെടുന്നു.
കേരളപ്പഴമ ഐതിഹ്യം അനുസരിച്ച് പരശുരാമന്‍ സ്ഥാപിച്ച മുപ്പത്തിരണ്ടു മലയാള ഗ്രാമങ്ങളിലൊന്നായ കവിയൂരിന്റെ അധിദേവതയാണ് തൃക്കവിയൂരപ്പന്‍. കവിയൂര്‍ ഗ്രാമക്കാരായ പത്തില്ലത്തില്‍ പോറ്റിമാര്‍ക്കായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ ഊരാണ്മ.
കൊല്ലവര്‍ഷം 1076ല്‍( എ.ഡി. 1900) ക്ഷേത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ പെരുമയും പഴമയും ഭീമമായ സമ്പത്തും കണക്കിലെടുത്ത് തിരുവിതാംകൂറിലെ പന്ത്രണ്ടാമതു ഫസ്റ്റ്ക്ലാസ്സ് മേജര്‍ ദേവസ്വമായി ഇതിനെ ചേര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചതോടെ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ബോര്‍ഡിന്റെ നിയന്ത്രണത്തിലായി.
തിരുവല്ല തുകലശ്ശേരി പറമ്പൂര്‍ ഇല്ലത്തിനാണ് താന്ത്രിക ചുമതല. 1960കളുടെ അവസാനം വരെ പുറപ്പെടാശാന്തിയായിരുന്നു. കാസര്‍കോട് പുല്ലൂര്‍ഗ്രാമം, പടി മഹാ തുളുയോഗത്തില്‍പ്പെട്ട എമ്പ്രാന്തിരിമാര്‍ക്കായിരുന്നു തൃക്കവിയൂരപ്പന്റെ മേല്‍ശാന്തിയാകുവാന്‍ അവകാശം. കൊല്ലവര്‍ഷം 1107-ല്‍ രാജപ്രമുഖന്‍ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന് ഉണ്ടായ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് ഹനുമാന്‍ സ്വാമി നട പുനരുദ്ധരിച്ച് പതിവുകള്‍ ഉയര്‍ത്തിയതോടെ അവിടെയും തുല്യപ്രാധാന്യത്തോടെ മേല്‍ശാന്തി നിലവില്‍ വന്നു. ഇപ്പോള്‍ രണ്ടു നടകളിലെയും മേല്‍ശാന്തിമാരെ ദേവസ്വം ബോര്‍ഡ് നേരിട്ടു നിയോഗിക്കുകയാണ്.
തിരുവല്ല പത്തനംതിട്ട സ്റ്റേറ്റ് ഹൈവേയില്‍ മനയ്ക്കച്ചിറ കവലയില്‍ നിന്നോ തോട്ടഭാഗം കവലയില്‍ നിന്നോ രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. ചങ്ങനാശ്ശേരി യില്‍ നിന്നും കവിയൂര്‍ റോഡുവഴി പതിനൊന്നു കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ എത്തിച്ചേരും. വിശാലമായ ഇരുപത്തിയൊന്നോളം പടവുകള്‍ക്കു മുകളിലായി അതിസുന്ദരമായ പ്രധാനഗോപുരം തലയുയര്‍ത്തി നില്ക്കുന്നു.
ഗോപുരവാതില്‍ നയിക്കുന്നത് ദീര്‍ഘമായ ആനക്കൊട്ടിലിലേയ്ക്കാണ്. പ്രശാന്തസുന്ദരമായ മതിലകത്ത് കേരളീയ വാസ്തുശില്പശൈലിയുടെ സമസ്തസൗന്ദര്യവും ഇഴുകിച്ചേര്‍ന്ന ക്ഷേത്രമന്ദിരം. തലയുയര്‍ത്തിനില്ക്കുന്ന ശില്പചാതുരിയാര്‍ന്ന പൊന്നിന്‍കൊടിമരം, പൂര്‍ണ്ണമായും ചെമ്പുമേഞ്ഞ വിളക്കുമാടം നാലമ്പലം, ശ്രീകോവിലുകള്‍ എന്നിവ കവിയൂര്‍ ക്ഷേത്രത്തിന്റെ വാസ്തുപൂര്‍ണ്ണിമ വിളിച്ചുചൊല്ലുന്നു.
വാസ്തുശാസ്ത്രപരമായ പ്രത്യേകതകള്‍ മുന്‍നിര്‍ത്തി കേരളീയ ക്ഷേത്ര വാസ്തുശൈലിയുടെ ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവില്‍ എന്ന് പ്രശസ്ത വാസ്തുശാസ്ത്ര ഗവേഷകരായ സ്റ്റെല്ലാ ക്രാംറിഷ്, ഡോ. എച്. സര്‍ക്കാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കലിയുഗം 4051, 4052( എ.ഡി. 951, 952) വര്‍ഷങ്ങളിലെ രണ്ടു ശിലാശാസനങ്ങള്‍ ശ്രീകോവിലിന്റെ അധിഷ്ഠാനത്തില്‍ത്തന്നെ കാണപ്പെടുന്നത് ഈ അഭിപ്രായത്തെ അങ്ങേയറ്റം ശരിവയ്ക്കുന്നതായി അവര്‍ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ശ്രീകോവിലിന്റെ ഭിത്തിയിലും നമസ്കാരമണ്ഡപം, വാതില്‍മാടം, ബലിക്കല്‍പ്പുര എന്നിവയുടെ മച്ചിലുമായി കാണപ്പെടുന്ന നൂറുകണക്കിനു ദാരുശില്പങ്ങള്‍ കവിയൂര്‍ മഹാദേവക്ഷേത്രത്തിന്റെ പെരുമയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തുന്നു.
കടപ്പാട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ