നവമൈത്രിയുടേയും ജീവകാരുണ്യത്തിന്റെയും വഴിയിൽ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം*
*രാമനും കല്യാണിയും പാത്തുവും ആമിനയും മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം.*
മാനവ മൈത്രിയുടേയും ജീവകാരുണ്യത്തിന്റെയും വഴിയിൽ ചരിത്ര ലിപികളാൽ എഴുതിയ നേട്ടങ്ങളുള്ള ഈ ക്ഷേത്രത്തിൽ കേരളത്തിൽ നിന്നും അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും നിരവധി പേരാണ് എത്തുന്നത്. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനത്തോടൊപ്പം സാമൂഹികസേവനം, ആതുര ശുശ്രൂഷ, സാംസ്‌ക്കാരിക വളർച്ച ,സാമൂദായിക ഐക്യം എന്നിവയ്ക്കും കല്ലേരി ക്ഷേത്രഭാരവാഹികൾ പ്രാധാന്യം നൽകി വരുന്നു. ക്ഷേത്ര കമ്മറ്റിയുടെ പ്രവർത്തനം മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ശൈലിയിലാണ് നടത്തി വരുന്നത്.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട സാംസ്‌കാരിക പുരോഗതി കൈവരിച്ച പ്രശസ്‌തിയിലേക്ക് ഉയർന്നു വരുന്ന കേരളത്തിലെ ഒരു ഗ്രാമീണ മേഖലയാണ് കല്ലേരി. വടകരയിൽ നിന്നും 8 കിലോമീറ്റർ കിഴക്ക് മാറി വില്യാപ്പള്ളിക്കടുത്തായാണ് കല്ലേരി ഗ്രാമം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രത്യേകത. പടിഞ്ഞാറ് കല്ലേരി കുന്നും കിഴക്ക് അരൂർ മലയും അതിരിടുന്ന ഈ പ്രദേശത്താണ് പ്രശസ്‌തമായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം നിലകൊള്ളുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ ആഴ്ചതോറും ക്ഷേത്രദർശനം നടത്തിവരുന്നു.
*ക്ഷേത്ര മഹാത്മ്യം*
*ജന്മിത്തവും*
*ജന്മിത്തവും*
നാടുവാഴിത്തവും അരങ്ങ് തകർത്തിരുന്ന ചരിത്രാതീതകാലത്ത് ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാൻ ശക്തമായി നിലനിന്നിരുന്ന ചൈതന്യമാണ് കുട്ടിച്ചാത്തൻ. ആ പേരിൽത്തന്നെ പ്രത്യേകത നിലനിൽക്കുന്നു. നൂറ്റാണ്ടിൽ പയ്യന്നൂരിലെ കിഴക്ക് ആഢ്യ തറവാട്ടിലെ (കാളകാട്ട് ഇല്ലം) നമ്പൂതിരിക്ക് മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയിലുണ്ടായ കുട്ടിയാണ് കല്ലേരിയിൽ കുടിയിരുത്തിയ കുട്ടിച്ചാത്തൻ എന്നാണ് സങ്കൽപം. അനിർവ്വചനീയമായ ഭക്തിയുടെ നിറവാണ് ശ്രീ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം പ്രദാനം ചെയ്യുന്നത്. ചരിത്രപരവും സാംസ്‌ക്കാരികപരവുമായി ഒരു ജനതയുടെ മനസിൽ ആഴ്ന്നിറങ്ങിയ വിശ്വാസപ്രമാണങ്ങളിൽ കല്ലേരി കുട്ടിച്ചാത്തൻ ശക്തിസ്വരൂപനാണ്.
അവഗണനയുടെ എല്ലാ കഷ്ടതകളും കുഞ്ഞുനാളിലേ കുട്ടിച്ചാത്തൻ അനുഭവിച്ചിരുന്നു. കന്നുകാലികളെ സ്ത്രീധനമായി നൽകുന്ന കാലത്ത് ഒപ്പം കാലികളെ മേയ്ക്കാൻ അയക്കുന്ന അടിമകളിലൊരാളായിരുന്ന സ്ത്രീയിൽ ജനിച്ചതായിരുന്നു കുട്ടിച്ചാത്തൻ. കുട്ടിച്ചാത്തന്റെ മാതാവ് കുട്ടിച്ചാത്തനെ പത്ത് മാസം തികഞ്ഞ സമയത്തും ഞാറു നടുന്ന ജോലി ചെയ്യേണ്ടി വന്നു. തികച്ചും അവശയായി ജോലിചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ ആ അമ്മ അടുത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടിച്ചാത്തനെ പ്രസവിച്ചത്. മുലപ്പാലിന്റെ മാധുര്യം നുകരാനാകാതെ കഷ്ടപ്പാടിന്റെ കണ്ണുനീർ കുടിച്ചാണു കുട്ടിച്ചാത്തൻ വളർന്നത്. അച്ഛൻ നമ്പൂതിരി തന്നെയാണ് കുട്ടിച്ചാത്തന് വിദ്യാഭ്യാസം നൽകാൻ ഏർപ്പാട് ചെയ്തത്. ഇല്ലത്തെ മറ്റ് നമ്പൂതിരി കുട്ടികളിൽ നിന്നും വ്യത്യസ്തമായ പഠനമായിരുന്നു. ഈയൊരു അവഗണന കുട്ടിച്ചാത്തനിൽ മനോവിഷമത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. ഈ വിദ്യാഭ്യാസം പിഞ്ചുമനസ്സിൽ തന്നെ കുട്ടിച്ചാത്തനിൽ പകയുടെ കനൽചിന്തകൾ ഉണ്ടാക്കാൻ ഇടയാക്കി. അവഗണനയുടെ ഈ നീറുന്ന നാളുകളിൽ കാലിമേയ്ക്കൽ പോലുള്ള ജോലിയും കുട്ടിച്ചാത്തന് ചെയ്യേണ്ടി വന്നു.
ഈയൊരു സമയത്താണ് കുട്ടിച്ചാത്തൻ വീടുവിട്ട് വടകരയിലേക്ക് വരുന്നത്. വടകരയുടെ ചരിത്രപാരമ്പര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ലോകനാർകാവിലേക്കുള്ള വഴിക്ക് വച്ചാണ് മലമത്താൻ കുങ്കനെ കുട്ടിച്ചാത്തൻ പരിചയപ്പെടുന്നത്. കുങ്കൻ കുട്ടിച്ചാത്തന്റെ വലിയ ആരാധകനായി മാറുകയും ചെയ്തു. ലോകനാർക്കാവിൽ നാല് തറവാട്ടുകാരാണ് ഉത്സവം ആ കാലത്ത് നടത്തിയിരുന്നത്. ഇതിലേക്ക് ഓലക്കുട കെട്ടിവെയ്ക്കാനുള്ള അവകാശം കുങ്കന് ഉണ്ടായിരുന്നെങ്കിലും സൂര്യോദയം മുതൽ സന്ധ്യവരെ കാത്തിരുന്നിട്ടും കുട എടുത്തുവച്ചിരുന്നില്ല. കുട്ടിച്ചാത്തനെ വിശ്വസിച്ച് കാവിൽ കാത്തിരുന്ന കുങ്കന് നിരാശയായി. ക്ഷേത്ര ഊരാരണ്മകളിൽ നിന്നും ദണ്ഡനം ഏൽക്കേണ്ടതായും വന്നു. കുട്ടിച്ചാത്തനുമുമ്പിൽ തന്റെ പരാതി മുഴുവൻ കുങ്കൻ പറഞ്ഞു. വിശ്വസിച്ചവരെ ഒരിക്കലും കുട്ടിച്ചാത്തൻ കൈവിടില്ല. ധാരാളം സിദ്ധികളുണ്ടായിരുന്ന കുട്ടിച്ചാത്തൻ തീക്കൊട്ടയുമായി വന്ന് കാവിലെ ഉത്സവത്തിനിടയിൽ പന്തലിലേക്ക് വലിച്ചെറിഞ്ഞു. ഇത് വൻ കോളിളക്കമാണ് അവിടെയൊരുക്കിയത്.
അപ്രതീക്ഷിതമായ ഈ ആക്രമണത്തിന് കാരണക്കാരായ കുങ്കനെയും കുട്ടിച്ചാത്തനെയും തിരഞ്ഞ് നാട്ടുകാരും നാട്ടുപ്രമാണിമാരും നാലുപാടും നീങ്ങുകയായിരുന്നു. പിന്നീട് കുങ്കനെ പിടികൂടുകയും കുട്ടോത്ത് ആലിൽ കെട്ടിത്തൂക്കുകയും ചെയ്തു. ഇതിൽ കോപാകുലനായ കുട്ടിച്ചാത്തൻ ആലിൻ കൊമ്പത്ത് നിന്നും കുങ്കന്റെ തലയിലെ കുരുക്കഴിച്ച് പ്രതിഷേധവുമായി ലോകനാർകാവ് ഭാഗത്തേക്ക് നീങ്ങി. ലോകനാർകാവ് ക്ഷേത്രത്തിൽ വച്ച് പൂരപ്പാട്ട് പാടി കൊടക്കാട് കുന്നിൽ കയറി താണ്ഡവനൃത്തം ചെയ്തായിരുന്നു യാത്ര. യാത്ര കല്ലേരി ഭാഗത്തേക്കായിരുന്നു. ഇപ്പോൾ ക്ഷേത്രം നിലനിൽക്കുന്ന മനോഹരമായ സ്ഥലത്ത് പിന്നീടുള്ള കാലം കുട്ടിച്ചാത്തൻ വസിച്ചിരുന്നോ, അല്ല കുട്ടിച്ചാത്തൻ വധിക്കപ്പെട്ടിരുന്നോ എന്ന കാര്യം ചരിത്രത്തിലില്ല.
ഉത്സവങ്ങളും ആചാരങ്ങളും
ക്ഷേത്രോത്സവത്തിന് പരിസര പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ എത്തിച്ചേരുകയും ആഘോഷങ്ങളിൽ ഉത്സാഹപൂർവ്വം പങ്കുകൊള്ളുകയും ചെയ്തു വരുന്നു. ഓരോ വർഷവും 5 ദിവസം നീണ്ട ഉത്സവം (തിറ മഹോത്സവം) ക്ഷേത്രത്തിൽ നടന്നുവരുന്നു. സാധാരണയായി, മലയാള മാസം ധനുവിലെ ആദ്യ വെള്ളിയാഴ്ച പ്രധാന ദിവസം ആയി ആഘോഷിച്ചു വരുന്നു.
ക്ഷേത്രോത്സവത്തിന് പരിസര പ്രദേശത്തുനിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ എത്തിച്ചേരുകയും ആഘോഷങ്ങളിൽ ഉത്സാഹപൂർവ്വം പങ്കുകൊള്ളുകയും ചെയ്തു വരുന്നു. ഓരോ വർഷവും 5 ദിവസം നീണ്ട ഉത്സവം (തിറ മഹോത്സവം) ക്ഷേത്രത്തിൽ നടന്നുവരുന്നു. സാധാരണയായി, മലയാള മാസം ധനുവിലെ ആദ്യ വെള്ളിയാഴ്ച പ്രധാന ദിവസം ആയി ആഘോഷിച്ചു വരുന്നു.
ഉത്സവ ദിനങ്ങളിൽ ആചാര പ്രകാരമുള്ള വിവിധ ചടങ്ങുകൾ നടന്നുവരുന്നു. ദേശത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആശാരി വരവ്, കൊല്ലൻ വരവ്, താലപ്പൊലി, പൂക്കലശം വരവ്, ഇളനീർ വരവ് തുടങ്ങിയവ ക്ഷേത്രത്തിൽ എത്തിച്ചേരുകയും തുടർന്ന് വെള്ളാട്ട്, തിറ അനുഷ്ഠാനങ്ങളും കർമ്മങ്ങളും ക്ഷേത്ര സന്നിധിയിൽ നടത്തപ്പെടുന്നു.
*ദൈനംദിന ആചാരങ്ങൾ, പൂജകൾ*
എല്ലാ ദിവസവും സൂര്യാസ്തമയത്തിന് ശേഷം കൽവിളക്കുകളും മറ്റ് വിളക്കുകളും തെളിയിക്കപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രധാന ചടങ്ങുകൾ നടന്നുവരുന്നു. ആന്നേ ദിവസം നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം ഭക്തർ ക്ഷേത്രത്തിൽ എത്തിചേരുന്നു. വെള്ളിയാഴ്ച കൂടാതെ മറ്റ് ദിവസങ്ങളിലും പൂജകളും ആത്മീയ പ്രവർത്തനങ്ങളും നടന്നുവരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ