*സൂക്ഷിക്കുക; ഈ നാല് സ്വകാര്യ വിവരങ്ങൾ വെബ്സൈറ്റുകൾ നിങ്ങളറിയാതെ എടുക്കും!*
ആദ്യമൊക്കെ ഇന്റർനെറ്റ് ഉപയോഗം എന്ന് പറഞ്ഞാൽ പലർക്കും ഇന്റർനെറ്റ് കഫെ ആയിരുന്നു. വല്ലപ്പോഴും എന്തെങ്കിലും ഇന്റർനെറ്റ് ആവശ്യങ്ങൾ വരുമ്പോൾ മാത്രമായിരിക്കും ഇവിടെ നമ്മൾ പോകുക. പിന്നീട് മൊബൈലുകളിൽ ഇന്റർനെറ്റ് വന്നു. പതിയെ സ്മാർട്ഫോണുകൾ കടന്നുവന്നു. അവയിൽ മികച്ച ഇന്റർനെറ്റ് ഉപയോഗം സാധ്യമാക്കുന്ന സൗകര്യങ്ങളായി. ടെലോകോം കമ്പനികൾ ഓഫറുകളുമായി മല്സരമായതോടെ ഇന്റർനെറ്റ് ആർക്കും എളുപ്പം ഉപയോഗിക്കാവുന്ന ഒന്നായി മാറുകയും ചെയ്തു.
എന്നാൽ എന്തിനും ഏതിനും നമ്മൾ ഇന്ന് ഇന്റർനെറ്റിന്റെ സഹായം തേടുമ്പോൾ, അത് നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്തത് ആണ് എങ്കിലും കൂടെ നമ്മുടേതായ പല വിവരങ്ങൾ അവരുമായി പങ്കിടാറുണ്ട്. അവയിൽ ചിലതെല്ലാം നമുക്ക് സാരമായ ദോഷങ്ങളുണ്ടാക്കും എന്നത് ഫേസ്ബുക്ക് ക്യാംബ്രിഡ്ജ് അനാലിറ്റിക്ക വിഷയം പുറംലോകം അറിഞ്ഞതോടെ നമുക്ക് മനസ്സിലായതാണ്. എന്നാൽ ഈ ഫേസ്ബുക്ക് മാത്രമല്ല ഇത്തരത്തിൽ നമ്മുടെ വിവരങ്ങൾ ശേഖരിക്കുക. ഗൂഗിളും അതുപോലെ മറ്റു പല വെബ്സൈറ്റുകളും കാര്യമായ രീതിയിൽ നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തുന്നുണ്ട്.
ഇവ ഒരു പരിധി വരെയെല്ലാം നമുക്ക് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരാം എങ്കിലും അതിനപ്പുറം നമുക്ക് ഒന്നും ചെയാൻ സാധിക്കില്ല. എന്നിരുന്നാലും നമ്മുടെ സ്വകാര്യ വിവരങ്ങളിൽ നിന്നും വെബ്സൈറ്റുകൾ എടുക്കുന്ന പ്രധാനപ്പെട്ട 4 കാര്യങ്ങൾ പറയുകയാണിവിടെ.
*ലൊക്കേഷൻ*
കമ്പ്യുട്ടർ ആവട്ടെ, മൊബൈൽ ആവട്ടെ നിങ്ങളുടെ ലൊക്കേഷൻ വെബ്‌സൈറ്റുകൾക്ക് മനസ്സിലാക്കാൻ സാധിക്കും എന്നത് പൊതുവെ എല്ലാവർക്കും തന്നെ അറിയുന്ന ഒരു കാര്യമാണ്. കമ്പ്യൂട്ടറിൽ ആണെങ്കിൽ ഐപി അഡ്രസ് വഴിയും ഇനി മൊബൈലിൽ ആണെങ്കിൽ ജിപിഎസ്, നെറ്റവർക്ക് വഴിയുമെല്ലാം തന്നെ നിങ്ങളുടെ ലൊക്കേഷൻ എളുപ്പത്തിൽ വെബ്‌സൈറ്റുകൾക്ക് ലഭ്യമാകും.
*നിങ്ങളുടെ ആവശ്യങ്ങളെയും ഇഷ്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ*
നമ്മൾ ഗൂഗിളിൽ ലോഗിൻ ചെയ്ത നിലയിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ കയറുന്ന ഓരോ വെബ്സൈറ്റിലും നമ്മുടെ ആവശ്യങ്ങൾക്കും അഭിരുചിക്കും സ്ഥലത്തിനും അനുസരിച്ചുള്ള പരസ്യങ്ങൾ വരുന്നത് കണ്ടിട്ടില്ലേ? അതുപോലെ നമ്മൾ ഉപയോഗിക്കുന്ന ഉപകരണം ഫോൺ ആവട്ടെ, കംപ്യൂട്ടർ ആവട്ടെ അതിനനുസരിച്ചുള്ള വലിപ്പത്തിലും രൂപത്തിലുമുള്ള പരസ്യങ്ങളായിരിക്കും നമുക്ക് ലഭ്യമാകുക. ഇത് സാധ്യമാക്കുന്നത് ഗൂഗിൾ അനലിറ്റിക്‌സ് വഴി സൈറ്റുകൾക്ക് നമ്മുടെ ഗൂഗിൾ അക്കൗണ്ട് വഴിയുള്ള വിവരങ്ങൾ ലഭ്യമാകുന്നതോടെയാണ്. നമ്മൾ ഏതു സിസ്റ്റം ഉപയോഗിക്കുന്നു, എന്തൊക്കെയാണ് നമ്മുടെ അഭിരുചികൾ എന്നെല്ലാം അവർക്ക് അറിയാൻ സാധിക്കും.
*വ്യക്തിപരമായ വിവരങ്ങൾ*
ഇന്നുള്ള പല വെബ്സൈറ്റുകളും ആപ്പുകളും ചെയ്യുന്ന ഒരു ഏർപ്പാടാണ് അവരുടെ സൈറ്റിലേക്കോ ആപ്പിലേക്കോ കയറുന്ന നിമിഷം തന്നെ നിങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളായ ഫേസ്ബുക്ക്, ഗൂഗിൾ അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ എന്നിവയെല്ലാം തന്നെ നൽകി ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുക എന്നത്. ഈ വിവരങ്ങളെല്ലാം തന്നെ ടൈപ്പ് ചെയ്യാനുള്ള മടി കാരണം നമ്മൾ അവർ തന്നിട്ടുള്ള ഓപ്ഷനുകളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുത്ത് അതുവഴി അക്കൗണ്ട് തുടങ്ങും. ഫലമോ, നമ്മുടെ ഈ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ അടക്കം പല വ്യക്തിഗത വിവരങ്ങളും അവർക്ക് ലഭ്യമാകുകയും ചെയ്യും.
*അഡ്രെസ്സ്, ഫോൺ നമ്പർ, ഇമെയിൽ*
ഇന്നുള്ള ഏതൊരു ആപ്പ് ആവട്ടെ, സേവനം ആവട്ടെ അവർക്കെല്ലാം ആദ്യം തന്നെ വേണ്ടത് നിങ്ങളുടെ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ആയിരിക്കും. നൽകാതെ നമുക്കും നിവർത്തി ഇല്ല, അവയൊന്നും തന്നെ വാങ്ങാതെ അവർക്കും നിവൃത്തിയില്ല. ഫോൺ നമ്പർ ഡിഎൻഡി രെജിസ്റ്റർ ചെയ്തിട്ടുങ്കിൽ പരസ്യ മെസേജുകൾ നിർത്താൻ സാധിക്കും. എന്നാൽ ഈമെയിലോ, ഓരോ ആപ്പുകളിലും സേവനങ്ങളിലും നമ്മുടെ മെയിൽ ഐഡി കൊടുക്കുന്നതോടെ വരാൻ തുടങ്ങും അവരുടെ മെയിലുകൾ. പലപ്പോഴും ഒരു ദിവസം തന്നെ പത്തും ഇരുപതും മെയിലുകൾ അയക്കുന്വർ വരെയുണ്ട്. ഇതിൽ ചെയ്യാവുന്നത് ഒരു രണ്ടാം ജിമെയിൽ ഐഡി ഉണ്ടാക്കി ഇത്തരം സ്ഥലങ്ങളിൽ ആവശ്യപ്പെടുമ്പോൾ അവ കൊടുക്കുക എന്നതാണ്. അതോടെ നമ്മുടെ മുഖ്യ മെയിൽ ഐഡികലെ ഈ പരസ്യങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ