അഴകിനൊരു പര്യായമായി മല്ലിശ്ശേരി മന
പാലക്കാട് ജില്ലയിൽ കേരളശ്ശേരി പഞ്ചായത്തിലെ വടശ്ശേരി എന്ന സ്ഥലത്താണു വള്ളുവനാട്ടിലെ പ്രസിദ്ധ നമ്പൂതിരി പരമ്പരയായ മല്ലിശ്ശേരിമന സ്ഥിതി ചെയ്യുന്നത്. അഴകിനൊരു പര്യായമായ മല്ലിശ്ശേരി മനയുടെ ചരിത്രത്തിലൂടെ നമുക്കൊന്നു സഞ്ചരിക്കാം
നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരയാണു മല്ലിശ്ശേരി മന പരമ്പര. പ്രസിദ്ധ നമ്പൂതിരി ഗ്രാമമായ ശുകപുരം ഗ്രാമക്കാരാണിവർ. ശുകപുരത്തപ്പൻ ആണു ഇവരുടെ ഗ്രാമദേവത. ഋഗ്വേദികളാണിവർ.വാഴേങ്കട ഉണ്ടായിരുന്ന വെള്ളൂർ മന പരമ്പരയും, പാറശ്ശേരിയിൽ ഉണ്ടായിരുന്ന കുണ്ടുപുരത്ത് മന പരമ്പരയും, മേലാറ്റൂർ ഉള്ള ചെമ്പറ്റ മന പരമ്പരയും മല്ലിശ്ശേരിയിൽ ലയിച്ചിട്ടുണ്ട്. മനയിലെ പ്രഥമ നാമം നീലകണ്ഠൻ നമ്പൂതിരി എന്നാണു .
മല്ലിശ്ശേരി മനക്കാർ ജന്മി പരമ്പരയായിരുന്നു .കേരളശ്ശേരി, കുണ്ടളശ്ശേരി, വടശ്ശേരി ,ഏപ്പുക്കാട്( മേലാറ്റൂർ) വാഴേങ്കട എന്നീ ഭാഗങ്ങളിൽ ഇവർക്ക് ധാരാളം കൃഷിഭൂമിയുണ്ടായിരുന്നു. 12000 പറ പാട്ടം നെല്ല് കേരളശ്ശേരി , കുണ്ടളശ്ശേരി, വടശ്ശേരി ഭാഗങ്ങളിൽ മാത്രമായി ഉണ്ടായിരുന്നു .
മല്ലിശ്ശേരി മനയും കഥകളിയും
മല്ലിശ്ശേരി മനയിലെ കാരണവർ ആയിരുന്ന ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി ( 1868-1946) കഥകളിയെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയാണു. അദ്ദേഹത്തിന്റെ കാലത്ത് വാഴേങ്കടയിൽ ഉള്ള പത്തായപ്പുരയിൽ കഥകളിയോഗം നടന്നിരുന്നു. അവിടുത്തെ അഗ്രശാലയിലായിരുന്നു കളരി . കഥകളിയിലെ ഇതിഹാസമായ ശ്രീ വാഴേങ്കട കുഞ്ചുനായർ, ശ്രീ വാഴേങ്കട കുഞ്ഞുണ്ണി നായർ എന്നിങ്ങനെ അനവധി പ്രഗത്ഭർ ആ കളരിയിൽ കഥകളി അഭ്യസിച്ചിട്ടുണ്ട് . കഥകളി അഭ്യസിക്കുന്നവർക്കുള്ള സകല ആവശ്യങ്ങളും നിറവേറ്റി കഥകളിയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം തികഞ്ഞ ഒരു കലാസ്നേഹി കൂടിയായിരുന്നു . മല്ലിശ്ശേരി മനക്കാർക്ക് സ്വന്തമായി കളിക്കോപ്പ് ഉണ്ടായിരുന്നു . മഹാകവി വള്ളത്തോളിന്റെ ആവശ്യപ്രകാരം കളിക്കോപ്പ് കലാമണ്ഡലത്തിലേക്ക് വിട്ടു കൊടുത്തു മല്ലിശ്ശേരിക്കാർ. കഥകളിയിലെ പ്രധാനമായ കളിവിളക്ക് ഇന്നും മല്ലിശ്ശേരി മനയിൽ ഉണ്ട്.
മല്ലിശ്ശേരി മന ഭംഗിയേറിയ നാലുകെട്ടാണു. ഞാനിന്നെ വരെ കണ്ടതിൽ വിത്യസ്തമായ ആകാരമാണു മനയ്ക്ക്. മുന്നൂറു വർഷത്തിലധികം പഴക്കം കാണും മല്ലിശ്ശേരി മനയ്ക്ക്.16 ഏക്കറോളം വരുന്ന ഭൂമിയിൽ ആണു മല്ലിശ്ശേരി മന സ്ഥിതി ചെയ്യുന്നത്. ചുറ്റും പച്ചപ്പാണു. പടികെട്ടുകൾ ഇറങ്ങി മനയിലേക്കുള്ള കാഴ്ച അവർണ്ണനീയം തന്നെയാണു. മനോഹരമായ പടിപ്പുരയും , താഴെക്കുള്ള പടികളും ഇറങ്ങി വേണം മനയിലേക്ക് എത്താൻ. പ്രകൃതി ദേവി കനിഞ്ഞനുഗ്രഹിച്ച ഭൂമി എന്നു വേണം ഇവിടുത്തെ കുറിച്ചു പറയാൻ. മനോഹരമായ പൂമുഖവും, മുല്ലത്തറയോട് കൂടിയ നടുമുറ്റവും, പാട്ടുത്തറയും, ,വലിയ തളങ്ങളും, അഞ്ചോളം കിടപ്പ് മുറികളും, മനോഹരമായ തൂണുകളും , മൂന്നു അടുക്കളയും , അടങ്ങിയതാണീ നാലുകെട്ട്. നാലുകെട്ടിനോട് ചേർന്ന് രണ്ട് പത്തായപ്പുരയും, മൂന്നു കുളങ്ങളും, മൂന്നു കിണറുകളും ഉണ്ട്. തെക്കിനി കിഴക്കിനി വടിക്കിനി ഒരു നിലയും, പടിഞ്ഞാറ്റി മൂന്ന് നിലയുമാണു .മല്ലിശ്ശേരി മനയുടെ പിന്നിലൂടെ പാടത്തേക്ക് പോകുന്ന വഴി എത്ര സുന്ദരമാണെന്നോ. നിസ്സംശയം ഞാനൊരു കാര്യം പറയാം മല്ലിശ്ശേരി മന അഴകിനൊരു പര്യായം തന്നെയാണു .
മനയ്ക്കലെ ശ്രീലകത്ത് നിത്യതേവാരം ഉണ്ട്. വനദുർഗ്ഗയും ഭദ്രകാളിയുമാണു ശ്രീലകത്ത്. പാട്ടുതറയിൽ തിരുമാന്ധാംകുന്നിലമ്മയ്ക്ക് കളം പാട്ട് നടക്കാറുണ്ടായിരുന്നു. വളപ്പിൽ സർപ്പക്കാവും അയ്യപ്പൻ കാവും ഉണ്ട്. സർപ്പക്കാവിൽ എല്ലാ വർഷവും വെള്ളരി ഇടാറുണ്ട്. വാഴേങ്കട നരസിംഹമൂർത്തിയാണു മല്ലിശ്ശേരി മനക്കാരുടെ പരദേവത. വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം, പുഴയ്ക്കൽ ശിവക്ഷേത്രം, ഏപ്പുക്കാട് നരസിംഹമൂർത്തി ക്ഷേത്രം , എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണിവർ. കോങ്ങാട് ശ്രീ തിരുമാഞ്ചേരിക്കാവ് ക്ഷേത്രത്തിന്റെ ഊരാളന്മാരായിരിന്നു ഇവർ .
കഥകളിയെയും മറ്റു കലകളെയും പ്രോത്സാഹിപ്പിച്ചിരുന്ന ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരിയെ കുറിച്ചു ഞാൻ കഥകളിയുമായുള്ള ബന്ധത്തിൽ സൂചിപ്പിച്ചിരുന്നു. ജനോപകരപ്രദമായ അനവധി കാര്യങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. അടുത്തുള്ള നിരാലംബർക്ക് അന്നദാനം പോലെയുള്ള മഹത്തായ സംരഭത്തിനു അദ്ദേഹം തുടക്കം കുറിച്ചു.അദ്ദേഹത്തിന്റെ പുത്രനും ഇപ്പോഴത്തെ തറവാട്ട് കാരണവരുമായ ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി പിതാവിന്റെ പാത പിന്തുടർന്നു വന്നു . തടുക്കശ്ശേരി പഞ്ചായത്തിൽ 15 വർഷക്കാലം അദ്ദേഹം പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു .സ്വതന്ത്രൻ ആയിരുന്നു ഇദ്ദേഹം.ഇന്നത്തെ കേരളശ്ശേരി പഞ്ചായത്ത് വരുന്നതിനു മുന്നെ അതായത് 1960 നു മുന്നെ ആയിരുന്നു ഇതു. മണ്ണൂരിന്റെ ഒരറ്റം മുതൽ കോങ്ങാടിന്റെ ഒരറ്റം വരെ നീണ്ടു കിടക്കുന്ന വല്ലിയ ഒരു പഞ്ചായത്ത് ആയിരുന്നു തടുക്കശ്ശേരി പഞ്ചായത്ത്. ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി പ്രസിഡണ്ടായിരിക്കുന്ന കാലഘട്ടത്താണു ഗതാഗത സൗകര്യങ്ങൾക്ക് വേണ്ടിയുള്ള റോഡുകളും, പാലങ്ങളും എല്ലാം പണിതത്. ജനോപകാരപ്രദമായ അനവധി കാര്യങ്ങൾ അദ്ദേഹം നിറവേറ്റി. ഇന്നു കേരളശ്ശേരിയിലും കുണ്ടളശ്ശേരി വടശ്ശേരി ഭാഗങ്ങളിലും കാണുന്ന പുരോഗതിക്ക് തുടക്കം കുറിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണു. കേരളശ്ശേരി ഹൈസ്കൂൾ തുടങ്ങുവാനായി സാമ്പത്തികമായി സഹായം നൽകിയിരുന്നു മല്ലിശ്ശേരി ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി . കുറച്ചു കാലം സ്കൂളിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ശ്രീ നീലകണ്ഠൻ നമ്പൂതിരി . സാമൂഹികമായ , ജനോപകാരപ്രദമായ അനവധി കാര്യങ്ങൾ മല്ലിശ്ശേരിക്കാരുടെ സംഭാവനയായിട്ടുണ്ട്.
മല്ലിശ്ശേരി മനയിലെ കാരണവരായ ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി അവർകളും ( 1923ഇൽ ജനനം) അദ്ദേഹത്തിന്റെ മക്കളായ ശ്രീ നീലകണ്ഠൻ നമ്പൂതിരി, ശ്രീ ശങ്കരൻ നമ്പൂതിരി, ശ്രീ പരമേശ്വരൻ നമ്പൂതിരി , ശ്രീ അർച്ചന അന്തർജ്ജനം,എന്നിവരും അവരുടെ മക്കളുമാണു ഇന്നു മല്ലിശ്ശേരി മന പരമ്പരയിലുള്ളത്. മല്ലിശ്ശേരി മനയിൽ ഇപ്പോൾ താമസിക്കുന്നത് കാരണവരായ ശ്രീ നീലകണ്ഠൻ നമ്പൂതിരി അദ്ദേഹം പുത്രൻ പരമേശ്വരൻ നമ്പൂതിരിയും കുടുംബവുമാണു.നൂറ്റാണ്ടുകൾ പഴക്കമുള്ള മനയും ആചാരങ്ങളും , ഇവിടുത്തെ മനോഹരമായ ആവാസവ്യവസ്ഥയെയും കാത്തുസൂക്ഷിക്കുന്ന മല്ലിശ്ശേരി മനയ്ക്കലെ എല്ലാ അംഗങ്ങൾക്കും വള്ളുവനാടൻ ( സായിനാഥ് മേനോൻ)ന്റെ പ്രണാമം.
മല്ലിശ്ശേരി മനയിൽ പോയ സമയം ശ്രീ പരമേശ്വരൻ നമ്പൂതിരി രാവിലത്തെ പൂജ എല്ലാം കഴിഞ്ഞിരിക്കുകയായിരുന്നു. മന എല്ലാം കാണിച്ചു തന്നെ എന്നെ പൂജാ പ്രസാദം കഴിയ്ക്കാനായി പരമേശ്വരൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ പത്നി ശാലിനി അന്തർജ്ജനവും എന്നെ ക്ഷണിച്ചു. ഭഗവതിയ്ക്ക് നേദിച്ച കഠിന പായസവും ഗണപതിഹോമത്തിന്റെ പ്രസാദവും കോമ്പിനേഷൻ ആയി കഴിച്ചു. ഒന്നു പറയാലൊ എന്റെ ജീവിതത്തിൽ ഞാനിന്നെ വരെ കഴിച്ചതിൽ ഏറ്റവും മികച്ച കഠിനപായസം ഇവിടുന്നു കഴിച്ചതാണു. ആ പ്രസാദത്തിനു സ്വർഗ്ഗീയൻ രുചി തന്നെയായിരുന്നു. കയ്യിൽ നിന്നു ചോരില്ലാ പായസം അത്രയ്ക്ക് കഠിനം തന്നെയായിരുന്നു.ആവോളം കഴിച്ചു പ്രസാദം ഞാൻ . പരമേശ്വരൻ നമ്പൂതിരി അദ്ദേഹത്തിനും പത്നി ശാലിനി അന്തർജ്ജനം അമ്മയ്ക്കും ന്റെ നന്ദി. ആഡ്യത്വം മേന്മയേറിയ ഇവരുടെ പെരുമാറ്റത്തിലൂടെ നമുക്ക് കാണാം.
namastE,
മറുപടിഇല്ലാതാക്കൂI hope you will collect all your wonderful articles together and publish it for future readers who might not know nothing about such families and their contributions to traditional culture in KEraLam! All the best, DKM Kartha