ഇന്ന് പരശുരാമ ജയന്തി
സൃഷ്ടി-സ്ഥിതി-സംഹാരങ്ങളില്‍ സ്ഥിതിയുടെ കര്‍ത്താവായ മഹാവിഷ്ണു സത്വഗുണമൂര്‍ത്തിയാണ്. വിഷ്ണു എന്നാല്‍ എല്ലായിടത്തും നിറഞ്ഞവന്‍ എന്നര്‍ത്ഥം. പൂര്‍ണാവതാരങ്ങള്‍, അംശാവതാരങ്ങള്‍ ആദിയായി വിഷ്ണുവിന് അസംഖ്യം അവതാരങ്ങളുണ്ട്. സനകന്‍, സനന്ദന്‍, സനത് കുമാരന്‍, കപിലന്‍, ദത്താത്രേയന്‍, നാരദന്‍, മോഹിനി, ധന്വന്തരി, വ്യാസന്‍ എന്നിവര്‍ വിഷ്ണുവിന്റെ അംശാവതാരങ്ങളാണ്. ദേവീ ഭാഗവതം മഹാവിഷ്ണുവിന്റെ 26 അവതാരങ്ങളെ വര്‍ണിക്കുന്നു. ധര്‍മം നശിച്ച് അധര്‍മം കൊടികുത്തിവാഴുമ്പോള്‍ ധര്‍മസംസ്ഥാപനാര്‍ത്ഥം ഭഗവാന്‍ അവതരിക്കുന്നു. എന്നാല്‍ ദശാവതാരങ്ങളാണ് ഏറ്റവും പ്രധാനം. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി എന്നീ ദശാവതാരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ ശ്രീകൃഷ്ണന്‍ എല്ലാവിധത്തിലും അര്‍ത്ഥത്തിലും വിഷ്ണുവിന്റെ പൂര്‍ണാവതാരമാണ്.ഇതില്‍ ആറാമത്തെ അവതാരമായ പരശുരാമന്റെ ജയന്തിയാണ് ഇന്ന്. കാര്‍ത്തവീര്യാര്‍ജുനന്‍ തുടങ്ങിയ ദുഷ്ടന്മാരായ രാജാക്കന്മാരുടെ അക്രമം മൂലം ദുഃഖിതയായ ഭൂമീദേവി വൈകുണ്ഠത്തിലെത്തി വിഷ്ണുഭഗവാനോട് സങ്കടം ഉണര്‍ത്തിച്ചപ്പോള്‍, ഭഗവാന്‍ അവരെ സമാധാനിപ്പിച്ച്, താന്‍ പരശുരാമന്‍ എന്നപേരില്‍ അവതരിച്ച് സങ്കടം തീര്‍ത്തുതരാം എന്ന ഉറപ്പുകൊടുത്തു. അങ്ങനെ ജമദഗ്നി മഹര്‍ഷിയുടെയും രേണുകാദേവിയുടെയും പുത്രനായി ജനിച്ച് രാമന്‍ എന്ന ആദ്യത്തെ പേരിലും പിന്നീട് പരശുരാമന്‍ എന്ന പേരിലും വിഖ്യാതനായി.
ബാല്യത്തില്‍ ധനുര്‍വേദവിദ്യ അഭ്യസിക്കുവാന്‍ വേണ്ടി ശിവനെ തപസുചെയ്ത് പ്രത്യക്ഷമാക്കിയ രാമന്‍ ശിവപെരുമാളിന്റെ ആജ്ഞപ്രകാരം ആയുധങ്ങളൊന്നും ഇല്ലാതെ യുദ്ധത്തിലൂടെ അസുരന്മാരെ പരാജയപ്പെടുത്തി. ഇതില്‍ സന്തുഷ്ടനായ ശിവന്‍ പലതരത്തിലുള്ള അസ്ത്രങ്ങളും ദിവ്യമായ ഒരു പരശുവും അദ്ദേഹത്തിന് ദാനമായി കൊടുത്തു. പരശു (മഴു) ആയുധമായി നടക്കുന്നതുകൊണ്ട് പരശുരാമന്‍ എന്ന പേരും മറ്റ് ആയുധങ്ങളുടെ ഉടമയായതുകൊണ്ട് ധനുര്‍വേദജ്ഞന്‍ പദവും ലഭിച്ചു. മഹാഭാരതത്തിലെ ദ്രോണാചാര്യര്‍ക്ക് ധനുര്‍വേദവിദ്യ പഠിപ്പിച്ചത് പരശുരാമനാണത്രെ. ജമദഗ്നിയുടെ മകന്‍ എന്നതുകൊണ്ട് ജാമദഗ്നി എന്നും പരശുരാമന് പേരുണ്ട്.
ഒരുദിവസം അദ്ദേഹം ആശ്രമത്തില്‍ ഇല്ലാത്ത സമയം കാര്‍ത്തവീര്യാര്‍ജുന രാജാവ് ജമദഗ്നിയുടെ ആശ്രമത്തില്‍ വരാനിടയായി. മഹര്‍ഷി രാജാവിനെ യഥാവിധി സല്‍ക്കരിച്ചു. ഈ സല്‍ക്കാരം നടത്തിയത് കാമധേനു എന്ന പശുവിന്റെ സഹായംകൊണ്ടായിരുന്നു. ഇത് കണ്ട രാജാവ് കാമധേനുവിനെ ആഗ്രഹിച്ച് തനിക്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ മഹര്‍ഷി വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ക്ഷുഭിതനായ രാജാവ് മഹര്‍ഷിയെ വധിച്ച്, പശുവിനെ കൊണ്ടുപോയി. പരശുരാമന്‍ മടങ്ങി വന്നപ്പോള്‍ തന്റെ പിതാവ് മരിച്ചുകിടക്കുന്നത് കണ്ടു. ഈ സമയം കോപംകൊണ്ട് ജ്വലിച്ച പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജ്ജുനനെ മാത്രമല്ല ക്ഷത്രിയവംശത്തെ മുഴുവന്‍ കൊല്ലുമെന്ന് ശപഥം ചെയ്ത് പ്രാവര്‍ത്തികമാക്കി. ഇരുപത്തിയൊന്ന് വട്ടം ഭാരതം മുഴുവന്‍ സഞ്ചരിച്ച് ക്ഷത്രിയവംശത്തെ ഒന്നടങ്കം കൊന്നൊടുക്കി. ഇതിന്റെ പാപം തീര്‍ക്കാന്‍ താന്‍ ജയിച്ച ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. ദാനം ചെയ്ത ഭൂമിയില്‍ തപസ്സ് ചെയ്യാന്‍ നിവൃത്തി ഇല്ലാത്തതിനാല്‍ സമുദ്രതീരത്ത് വന്ന് വരുണനെ തപസ്സ് ചെയ്തു. വരുണന്‍ പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചപ്പോള്‍ തപസുചെയ്യാനാണ് സ്ഥലം ആവശ്യപ്പെട്ടത്. പരശുരാമന്റെ ആയുധമായ പരശു തെക്കോട്ടെറിഞ്ഞാല്‍ അത് ചെന്ന് വീഴുന്നവരെ ഉള്ള സ്ഥലം ഒഴിഞ്ഞ് തരാം എന്ന് വരുണനും പറഞ്ഞു. തപസ്സ് ചെയ്തത് ഗോകര്‍ണത്തിലായിരുന്നു. അവിടെനിന്ന് തെക്കോട്ട് പരശു എറിഞ്ഞപ്പോള്‍ അത് തെക്ക് കന്യാകുമാരിയില്‍ ചെന്നു വീണു. അത് വരെയുള്ള സ്ഥലത്തുനിന്നും സമുദ്രം പിന്‍വാങ്ങി. അവിടെ കരയായി തീര്‍ന്നതാണ് കേരളം. കേരളം പരശുരാമന്‍ സൃഷ്ടിച്ചതാണ് എന്ന ഐതിഹ്യത്തിന് അടിസ്ഥാനം ഇതാണ്.
ഭര്‍ത്താവായ മഹര്‍ഷി മരിച്ച് കിടക്കുമ്പോള്‍ രേണുക പുത്രനായ പരശുരാമന്റെ മുമ്പില്‍ 21 പ്രാവശ്യം മാറത്തടിച്ച് കരഞ്ഞതുകൊണ്ടാണ് 21 തവണ ഭാരതം മുഴുവന്‍ ചുറ്റി ക്ഷത്രിയരെ വധിച്ച് സമന്തകം എന്ന സരസ്സില്‍ അവരുടെ രക്തം കെട്ടിനിര്‍ത്തി തര്‍പ്പണം (പിതൃ) ചെയ്തത്.
ഒരിക്കല്‍ അവിവേകമായി പെരുമാറിയതിന് ഭാര്യയായ രേണുകയുടെ തല വെട്ടാന്‍ ജമദഗ്നി മഹര്‍ഷി മക്കളോടു പറഞ്ഞു. ആരും തയ്യാറായില്ല. മഹര്‍ഷി പരശുരാമനോട് പറഞ്ഞപ്പോള്‍, കഴുത്ത് വെട്ടിയാല്‍ എന്ത് തരും? എന്നായി ചോദ്യം. എന്ത് ചോദിച്ചുവോ അത് തരും എന്നായി മഹര്‍ഷി. മഴു എടുത്ത് ഒന്നും ആലോചിക്കാതെ പിതൃവാക്ക് പാലിക്കാന്‍ ഒരു വെട്ട് കൊടുത്ത് അമ്മയുടെ തലയും ഉടലും വേറെയാക്കി. ഉടനെ അമ്മയെ ജീവിപ്പിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ഈ വരം സാധിച്ച് കൊടുക്കുകയും ചെയ്തു.ശ്രീരാമനോട് മാത്രം പരാജയപ്പെട്ട പരശുരാമന്‍ പിന്നീട് മഹേന്ദ്ര പര്‍വതത്തിലേക്ക് തപസ്സിന് പോകുകയാണ് ചെയ്തത്.
കടപ്പാട്: ജന്മഭൂമി
കടപ്പാട്: ജന്മഭൂമി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ