ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രം.
കേരളത്തിലെ വൈകുണ്ഠമെന്ന് പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള മഞ്ജുളാലിന് അൽപം വടക്കുഭാഗത്തായിട്ടാണ് ചരിത്രപ്രസിദ്ധമായ ശ്രീ പാർത്ഥസാരഥി ക്ഷേത്രം. ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. മഹാഭാരത യുദ്ധത്തിൽ അര്ജ്ജുനന്റെ സാരഥിയായ ശ്രീകൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ രഥത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.
തിരുത്തിയിൽ തേവർ എന്ന പേരിലാണ് വര്ഷങ്ങൾക്ക് മുമ്പ് ക്ഷേത്രം അറിയപ്പെട്ടിരുന്നത്. മൂന്ന് ഭാഗവും നെൽപാടങ്ങളും ഒരു ഭാഗത്ത് തോടും അതിന് നടുവിലായിട്ടാണ് ക്ഷേത്രം നിന്നിരുന്നത്. തുരുത്ത് ലോപിച്ച് തുരുത്തിയിലായി. തുരുത്തിയിൽ തേവർ പിന്നീട് ശ്രീപാർത്ഥസാരഥിയായി. ശ്രീശങ്കരാചാര്യസ്വാമികളാണ് ശ്രീപാർത്ഥസാരഥി ക്ഷേത്രം പണികഴിപ്പിച്ച് പ്രതിഷ്ഠ നടത്തിയതെന്ന് ചരിത്രം.
ശിവഭക്തനായ ശങ്കരനും, ശ്രീനാരദ മഹർഷിയും കൂടി ആകാശമാർഗ്ഗേണ സഞ്ചരിക്കുകയായിരുന്നു. ഭഗവാൻ കുരുക്ഷേത്രയുദ്ധത്തിൽ പാർത്ഥന് ഗീത ഉപദേശിച്ചത് ഏകാദശി ദിവസമാണ്. അന്നാണ് ഇവർ ഇവിടെയെത്തി ഭഗവാനെ ദർശിക്കുവാൻ താഴേക്കിറങ്ങി. മഹർഷി ഭഗവാനെ ദർശിച്ച് വടക്കെ നടവഴി പുറത്തിറങ്ങിയ നേരത്ത് പ്രദക്ഷിണ വഴിയിൽ ബോധശൂന്യനായി കിടക്കുന്ന ശങ്കരനെ കണ്ടത്. നാരദ മഹർഷി സ്വാമികളെ ഉണർത്തി എഴുന്നേൽപ്പിച്ചു. ശീവേലി എഴുന്നള്ളിച്ച് പ്രദക്ഷിണമായി വരുന്ന സമയത്താണ് സ്വാമികൾ അതിന് മുന്നിൽ വന്ന് വീണത്. (ഇന്നും ശീവേലി കൊട്ടിവരുന്ന സമയത്ത് വടക്കെനടയിൽ എത്തിയാൽ വാദ്യാഘോഷം അൽപം നിർത്തുന്നു. അന്നത്തെ ഓർമ്മ നിലനിർത്താനാണ് ഈ ചടങ്ങ് ആവർത്തിക്കുന്നത്)
സ്വാമികൾ വിവരം മഹർഷിയെ ധരിപ്പിച്ചു. ശിവഭക്തനായതിനാൽ വിഷ്ണുവിനെ വന്ദിക്കാത്തതുകൊണ്ട് തന്റെ മനസ്സിലേക്ക് എല്ലാം ഒന്നാണ് എന്നരുളി ചെയ്യുകയാണ് ഭഗവാൻ ചെയ്തതെന്ന് സ്വാമികൾക്ക് തോന്നി. രണ്ടുപേരും കൂടി ക്ഷേത്രത്തിനകത്ത് കടന്നു. ആചാര്യസ്വാമികൾ ഭഗവാനോട് മാപ്പ് പറഞ്ഞു. ഗുരുവായൂരപ്പൻ സ്വാമികളോട് പറഞ്ഞു ‘എല്ലാം ഞാനാണ്, ഞാനില്ലാത്ത ഒന്നുമില്ല. അങ്ങ് എന്നെ കാണാതെ നിന്നതിനാൽ അങ്ങയെ എന്റെ അരികിലേക്ക് വരുത്തുന്നതിനാണ് ഇങ്ങനെയൊക്കെ ചെയ്തത്.’
ഭഗവാൻ ആചാര്യരുടെ അഭീഷ്ടപ്രകാരം ഗീതോപദേശത്തിലെ തന്റെ ശ്രീപാർത്ഥസാരഥി രൂപം സ്വാമികൾക്ക് ദർശനം നൽകി. സ്വാമികൾ കൺകുളിർക്കെ കണ്ട രൂപം ഭക്തർക്ക് ദർശിക്കുന്നതിനുവേണ്ടി മഹർഷിയുടെ ഉപദേശപ്രകാരം കുന്തീദേവി പൂജിച്ചിരുന്ന ശ്രീപാർത്ഥസാരഥി വിഗ്രഹം ഗംഗയിൽ നിന്ന് കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്.. (കടപ്പാട്)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ