ഭൃഗു
ഹിന്ദുമത വിശ്വാസ പ്രകാരം പത്തു പ്രജാപതികളിലൊരാളാണ് ഭൃഗുമഹർഷി. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ എന്നറിയപ്പെട്ടത്. ബ്രഹ്മപുത്രൻ; അസുരഗുരുവായ ശുക്രാചാര്യരുടെ പിതാവാണ് ഭൃഗുമുനി.
ബ്രഹ്മാനന്ദം
ജീവിതാവസാനത്തിൽ ഈ ലോകത്തിൽ നിന്നു പ്രയാണം ചെയ്തു യാതൊന്നിലാണോ ഒടുവിൽ വിലയം പ്രാപിക്കുന്നത്, അതാണ് ബ്രഹ്മം എന്നു വരുണൻ ഭൃഗു മഹർഷിക്ക് ഉപദേശം നൽകി. വരുണൻ ഉപദേശം ലഭിച്ച കിട്ടിയതിനുശേഷം ആ തത്ത്വം സാക്ഷാത്കരിക്കുന്നതിനുവേണ്ടി തപസ്സുചെയ്ത് 'അന്നം' ആണ് ബ്രഹ്മമെന്നു മനസ്സിലാക്കി വരുണനെ സമീപിച്ചു. ബ്രഹ്മത്തിന്റെ സ്ഥൂലരൂപം മാത്രമാണ് അന്നം എന്നു വിശദീകരിച്ചു വരുണൻ. വീണ്ടും തപസ്സ് ചെയ്ത് പ്രാണനാണ് ബ്രഹ്മമെന്നു മനസ്സിലാക്കിയ ഭൃഗുവിനെ വീണ്ടും തപസ്സുചെയ്യാൻ വരുണൻ ഉപദേശിച്ചു. തൽഫലമായി മനസാണ് ബ്രഹ്മമെന്നും, വീണ്ടും വിജ്ഞാനമാണ് ബ്രഹ്മമെന്നും, അവസാനം ആനന്ദമാണ് ബ്രഹ്മമെന്നും ഭൃഗു കണ്ടെത്തി. ആനന്ദമാണ് ബ്രഹ്മമെന്ന പരമതത്ത്വം എന്നു സാക്ഷാത്കരിച്ച ഭൃഗുവിൽ വരുണൻ സന്തുഷ്ടനായി എന്ന് തൈത്തിരിയോപനിഷത്തിൽ പറയുന്നു. ബ്രഹ്മതത്വാഭിന്നവുമായ ആനന്ദത്തെ ആസ്പദമാക്കിയാണ് ഈശ്വരനെ സച്ചിദാനന്ദസ്വരൂപനെന്നും മറ്റും ലക്ഷണപൂർവകം വർണ്ണിച്ചിട്ടുള്ളത്.
ദക്ഷയാഗം
സതിദേവിയുടെ ജീവത്യാഗത്തിനു കാരണമായ ദക്ഷയാഗം നടത്തിയത് പ്രധാന പുരോഹിതനായ ഭൃഗുമുനിയുടെ നേതൃത്വത്തിലാണ്. സതിദേവിയുടെ ജീവത്യാഗം കണ്ട് കോപിഷ്ഠരായ ദേവിയുടെ കൂടെപ്പോയ ശിവഗണങ്ങളെ യാഗശാലയിൽ നിന്നും ഓടിക്കാൻ ഭൃഗുമഹർഷിയാണ് യോഗാഗ്നിയിൽ നിന്നും ഋഭു എന്ന സത്വത്തെ സൃഷ്ടിച്ചത്. ആയിരം കൈകളും മൂന്നുകണ്ണുകളും ഭീകര ദംഷ്ട്രകളും ഉള്ള ഒരു ഭീകര സത്വമായിരുന്നു അത്.
വീരഭദ്രന്റേയും ഭദ്രകാളിയുടെയും നേതൃത്വത്തിൽ എത്തിയ ഭൂതഗണങ്ങൾ ഭീകരസത്വത്തെ നശിപ്പിക്കുകയും ഭൃഗു മഹർഷിയെ ഉപദ്രവിക്കുകയും ചെയ്തു. മണിമാൻ എന്ന ശിവഭൃത്യൻ ഭൃഗുവിനെ യാഗശാലയിലെ ഒരു തൂണിൽ ബന്ധിച്ചു. വീരഭദ്രൻ ഭൃഗുവിന്റെ മീശയും താടിരോമങ്ങളും ബലമായി പറിച്ചെടുത്തുവെന്നും ദേവിഭാഗവതം പറയുന്നു. ഇതോടെ ഭൃഗുമഹർഷിയുടെ അഹങ്കാരം ശമിച്ചുവത്രെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ