ആചാരപ്പെരുമയില്‍
പേഴുംതുരുത്ത് ഭദ്രാദേവിയെ വലംവച്ചു വണങ്ങാന്‍ ഇടച്ചാല്‍ നീന്തി ഗജവീരന്മാരെത്തി. ചെങ്ങന്നൂരില്‍നിന്നുവന്ന ബ്രഹ്മണ കുടുംബം പേഴുംതുരുത്തിലെത്തിയത് ദേവീവിഗ്രഹം തലയിലേറ്റി ഇടച്ചാല്‍ നീന്തിയായിരുന്നെന്നാണ് ഐതിഹ്യം. ഈ പെരുമ നിലനിര്‍ത്താനാണ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയോടെ ഗജവീരന്മാര്‍ ഇടച്ചാല്‍ നീന്തി ക്ഷേത്രത്തിലെത്തി ദേവിയെ വലംവെച്ചു വണങ്ങിയത്. വൈകീട്ട് മൂന്നുമുതല്‍ മണ്‍റോത്തുരുത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ വരവുതുടങ്ങി. ക്ഷേത്രത്തില്‍നിന്ന് ദേവിയുടെ തിടമ്പേറ്റിയ ആനയുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി പട്ടംതുരുത്ത് ഗുരുമന്ദിരത്തിനുസമീപമെത്തി മറ്റ് ആനകളോടൊപ്പം ക്ഷേത്രത്തിലേക്ക് മടങ്ങുകയായിരുന്നു. മടക്കയാത്രയില്‍ ഏഴ് ആനകള്‍ ഇടച്ചാല്‍ നീന്തിയാണ് ക്ഷേത്രത്തിലെത്തിയത്. ഇടച്ചാലിന്റെ ഇരുകരകളിലും ഇടച്ചാല്‍ പാലത്തിലും നൂറുകണക്കിന് കാഴ്ചക്കാരായുണ്ടായിരുന്നു. വിദേശ വിനോദസഞ്ചാരികളുടെ വന്‍ നിരയുമുണ്ടായിരുന്നു.വൈകീട്ട് നടന്ന വര്‍ണാഭമായ കെട്ടുകാഴ്ചയില്‍ നിരവധി ഫ്‌ലോട്ടുകളും വിവിധ വാദ്യമേളങ്ങളും അണിനിരന്നു. ഇക്കുറി 20 ഗജവീരന്മാരാണ് ഗജമേളയില്‍ പങ്കെടുത്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ