അഭയറാണി എന്ന രാജ്ഞി അബ്ബക്ക ദേവി
(Abbakka Chowta the Rani of Ullal)
______________________________________
(Abbakka Chowta the Rani of Ullal)
______________________________________
ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ ഝാൻസിയിലെ റാണിയുടെ ചരിത്രം എല്ലാവർക്കും പരിചിതമാണെങ്കിലും അതിനു മൂന്നു നൂറ്റാണ്ടിനു മുൻപ് പറങ്കികളോട് ദീർഘമായി പോരാടിയ തുളുനാടിന്റെ വീരനായികയായ ഉള്ളാളിലെ അബ്ബക്ക ചൗത്ത റാണിയെ അറിയുന്നവര്‍ നമ്മുക്കിടയിൽ കുറവാണ് അതുകൊണ്ട് ആ മഹതിയുടെ കഥ പറയാം.
ദക്ഷിണകന്നടയിലെ മംഗലാപുരത്തിനടുത്തുള്ള ഒരു തുറമുഖരാജ്യമായിരുന്നു ഉള്ളാൽ. ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് ഇത്. കേരളത്തിനും കർണ്ണാടകക്കും ഇടയിലായി മംഗലാപുരത്തിന് ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയായാണ് ഇതു സ്ഥിതിചെയ്യുന്നത് . തിരുമലരായ ചൗത്തഒന്നാമൻ(1160_1179) സ്ഥാപിച്ച ചൗത്ത രാജവംശക്കാർ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളും ബ്യാരികളെന്ന് അറിയപ്പെടുന്ന മുസ്ലീങ്ങളുമായിരുന്നു . മരുമക്കത്തായ സമ്പ്രദായം പിൻതുടർന്നിരുന്ന ചൗത്ത രാജകുടുംബത്തിലെ രാജാവായ തിരുമലരായ തന്റെ മരുമകളായ അബ്ബക്കയെ മംഗലാപുരത്തെ ബൻഗ രാജാവായ ലക്ഷമപ്പ അരസനു വിവാഹം ചെയ്തുകൊടുത്തു .തന്റെ ഭർത്താവ് പോർച്ചുഗീസുകാർക്ക് കപ്പം കൊടുക്കുന്നതിനെ ചൊല്ലി അവർ ഭർത്താവുമായി കലഹിച്ചു തന്റെ രാജ്യത്തേക്കു തിരികെ പോയി. ഉള്ളാളിലെ രാജ്ഞിയായിരുന്ന സഹോദരിയുടെ മരണത്തിനു ശേഷം അധികാരം ഏറ്റെടുത്തു .
ഗോവ കൈവശപ്പെടുത്തിയതിനു ശേഷം കേരള കൊങ്കൺ തീരങ്ങളിലെ തുറമുഖങ്ങൾ കൈവശപ്പെടുത്തുവാൻ പറങ്കികൾ ശ്രമം ആരംഭിച്ചിരുന്നു .1525ൽ മംഗലാപുരം തുറമുഖം അവർ ആക്രമിച്ചു നശിപ്പിച്ചു .ഉള്ളാളിനുമേൽ പോർച്ചുഗീസുകാരുടെ ശ്രദ്ധ പതിഞ്ഞു. അപകടം മണത്തറിഞ്ഞ അബ്ബക്ക സമീപത്തെ പ്രധാന നാട്ടുരാജ്യങ്ങളുമായി സംഖ്യത്തിലേർപ്പെട്ടു. കോഴിക്കോട് സാമൂതിരിയും ബിഡനൂരിലെ വെങ്കിടപ്പനായകയും അവരുടെ സംഖ്യരാജ്യങ്ങളായി. അബ്ബക്കയുടെ തന്ത്രങ്ങളിൽ അസ്വസ്ഥരായ പറങ്കികൾ കപ്പം നൽകണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അബ്ബക്ക അതിനു തയ്യാറായില്ല. 1555ൽ പോർച്ചുഗീസ് സൈന്യം Admiral Dom Alvaro da Silveira യുടെ നേതൃത്വത്തില്‍ ഉള്ളാൽ ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു.
1557ൽ പറങ്കികൾ മംഗലാപുരം ആക്രമിച്ച് പൂർണ്ണമായും നശിപ്പിച്ചു.1568ൽ പോർച്ചുഗീസ് വീണ്ടും ഉള്ളാളിനെ ആക്രമിച്ചു അബ്ബക്ക ശക്തമായി ചെറുത്തുനിന്നു. പോർച്ചുഗീസ് വൈസ്രോയിയായിരുന്ന Antonio Noronha ഒരു സൈന്യത്തെ General Joao Peixoto യുടെ നേതൃത്വത്തില്‍ ഉള്ളാൽ കീഴടക്കാനായി അയച്ചു. ആ സൈന്യം ഉള്ളാൽ പിടിച്ചെടുത്തെങ്കിലും അബ്ബക്കയെ പിടികൂടാനായില്ല. പറങ്കി സൈന്യം കൊട്ടാരത്തിലെത്തും മുൻപെ അവര്‍ രക്ഷപ്പെട്ടു ഒരു മുസ്ളിം പള്ളിയിൽ ഒളിച്ചു. അന്നു രാത്രി 200 വിശ്വസ്ത പട്ടാളക്കാരുമായി അവര്‍ തിരിച്ചടിക്കാനെത്തി. തുടർന്നുണ്ടായ യുദ്ധത്തില്‍ General Peixoto യും 70പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു നിരവധി പറങ്കിപട്ടാളക്കാർ തടവിലാക്കപ്പെട്ടു. അബ്ബക്കയുടെ തുടർ ആക്രമണങ്ങളെ നേരിടാനാവാതെ പറങ്കികൾ കഷ്ടപ്പെട്ടു. Admiral Mascarenhas കൊല്ലപ്പെട്ടതോടെ പോർച്ചുഗീസ് സൈന്യം മംഗലാപുരം കോട്ടയിൽ നിന്നും പിൻവാങ്ങി.
1569ൽ പറങ്കികൾ മംഗലാപുരം കോട്ടയും ബസ്രൂരും പിടിച്ചെടുത്തു. അബ്ബക്കയെ പരാജയപ്പെടുത്താനായി അവരുടെ മുൻ ഭർത്താവിന്റെ സഹായം തേടി. 1570ൽ അബ്ബക്ക സാമൂതിരിയുമായും ബീജപ്പൂർ സുൽത്താനുമായും സൈനിക സഹകരണ കരാറിലേർപ്പെട്ടു. സാമൂതിരിയുടെ സൈന്യാധിപനായിരുന്ന കുട്ടി പോക്കർ മരയ്ക്കാർ അബ്ബക്കയ്ക്കു വേണ്ടി മംഗലാപുരം കോട്ട ആക്രമിച്ചു നശിപ്പിച്ചെങ്കിലും തിരികെ പോകും വഴി കൊല്ലപ്പെട്ടു. അബ്ബക്കയുടെ യുദ്ധതന്ത്രങ്ങൾ ഭർത്താവിൽ നിന്നും മനസ്സിലാക്കിയ പോർച്ചുഗീസുകാർ ഒടുവിൽ അവരെ പിടികൂടി തടവുകാരിയാക്കി. പിന്നീട് ജയിലിലുണ്ടായ കലാപത്തിനിടെ അവർ കൊല്ലപ്പെട്ടു .
ജനകീയ ഭരണാധികാരിയായിരുന്ന അബ്ബക്ക സാധാരണ വേഷം ധരിച്ച് തീരെ ആഡംബരമില്ലാത്ത ജീവിതമാണ് നയിച്ചിരുന്നത്. ജനങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയായിരുന്ന അബ്ബക്കയുടെ ജീവിതകഥ മിത്തും സത്യവും ഇടകലർത്തിയാണ് ദക്ഷിണ കർണ്ണാടകത്തിൽ പ്രചരിക്കപ്പെട്ടത്. യക്ഷഗാനത്തിൽ ഇതിവൃത്തമായി ഇവരുടെയും രണ്ടു പെൺമക്കളുടേയും പോരാട്ടകഥ പറയാറുണ്ട്. ചിലയിടങ്ങളിൽ അവരെ ആരാധനമൂർത്തി ആക്കിയിട്ടുണ്ട്. ഉള്ളാൽ ജനതയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് റാണി അബ്ബക്കദേവി .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ